
ന്യൂഡല്‍ഹി : രാജ്യത്തെ എട്ടാം ക്ലാസിലേക്കുള്ള പുതിയ NCERT (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ ചരിത്രപരമായ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങള്‍. മുഗളന്മാരുടെ ”ക്രൂരത”യെ തുറന്നുകാട്ടുന്നതാണ് പുതിയ പാഠമെന്നാണ് റിപ്പോര്‍ട്ട്. NCERT പാഠപുസ്തകങ്ങളില്‍, പ്രത്യേകിച്ച് 7, 8 ക്ലാസുകളിലെ, ചരിത്രപരമായ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ പശ്ചാത്തലത്തിലാണ് ഇത്.
ബാബറിനെ ”നഗരങ്ങളിലെ മുഴുവന്‍ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനായ ജേതാവ്” എന്നും, അക്ബറിന്റെ ഭരണകാലത്തെ ”ക്രൂരതയുടെയും സഹിഷ്ണുതയുടെയും മിശ്രിതം” എന്നും, ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ച ഔറംഗസേബ് എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
”ചരിത്രത്തിലെ ചില ഇരുണ്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പ്”എന്ന് പുസ്തകത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നതിനുള്ള കാരണം വിശദീകരിച്ചിട്ടുണ്ടെന്നും പുസ്തകത്തിലെ ഒരു അധ്യായത്തില്‍ ”ഭൂതകാല സംഭവങ്ങള്‍ക്ക് ഇന്ന് ആരും ഉത്തരവാദികളാകരുത്” എന്ന മുന്നറിയിപ്പ് കുറിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍സിഇആര്‍ടി പറയുന്നു.
എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ ഒന്നാം ഭാഗം ഈ ആഴ്ച പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ എന്‍സിആര്‍ടി പുസ്തകങ്ങളില്‍, ഡല്‍ഹി സുല്‍ത്താനേറ്റിനെയും മുഗളന്മാരെയും കുറിച്ച് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ആദ്യ പുസ്തകമാണിത്. സുൽത്താനേറ്റ് കാലഘട്ടത്തെ രാഷ്ട്രീയ അസ്ഥിരതയും സൈനിക നീക്കങ്ങളും ഗ്രാമങ്ങളും നഗരങ്ങളും കൊള്ളയടിക്കപ്പെട്ടതും ക്ഷേത്രങ്ങളും പഠനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടതുമായ കാലഘട്ടമായി പുസ്തകം വിശേഷിപ്പിക്കുന്നു. സുൽത്താനേറ്റിനെയും മുഗളന്മാരെയും കുറിച്ചുള്ള വിഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ചില ഭരണാധികാരികളുടെ ക്രൂരതയെക്കുറിച്ചും ഒന്നിലധികം പരാമർശങ്ങളുണ്ട്. പഴയ 7-ാം ക്ലാസ് NCERT പുസ്തകത്തിൽ ഇവയൊന്നും പരാമർശിച്ചിട്ടില്ല.