
ഒട്ടാവ : കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചു. സിഖ് ബിസിനസുകാരനായ ഹര്‍ജീത് സിംഗ് ധദ്ദയാണ് ബുധനാഴ്ച രാവിലെ കാനഡയിലെ മിസിസാഗയിലെ തന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. ട്രക്കിംഗ് സേഫ്റ്റി ആന്‍ഡ് ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സി നടത്തിവരികയായിരുന്നു ഇദ്ദേഹം.
ട്രാന്‍മെയര്‍ ഡ്രൈവിനും ടെല്‍ഫോര്‍ഡ് വേയ്ക്കും സമീപം രാവിലെ 11.53 ന് നടന്ന വെടിവയ്പ്പില്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ ധദ്ദ മരിച്ചതായി പീല്‍ റീജിയണല്‍ പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന് നാലു പ്രാവശ്യം വെടിയേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരാഖണ്ഡിലെ ബസ്പൂരില്‍ നിന്നുള്ള ധദ്ദയ്ക്ക് അടുത്തിടെ ചില ഭീഷണി കോളുകള്‍ ലഭിച്ചിരുന്നുവെന്നും ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും സൂചനയുണ്ട്.
അതേസമയം, ഈ സംഭവം പ്രാദേശിക ദക്ഷിണേഷ്യന്‍ സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യന്‍ സംരംഭകരെ ലക്ഷ്യം വച്ചുള്ള ഭീഷണികളും കൊള്ളയടിക്കാനുള്ള ശ്രമങ്ങളും വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് വലിയൊരു ആശങ്കയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍.
സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ചോ കൊലപാതകം നടത്തിയ ആളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
അടുത്തിടെ കാനഡയിലെ ഹാമില്‍ട്ടണില്‍ ബസ് സ്റ്റോപ്പില്‍വെച്ച് പഞ്ചാബില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നാലെയാണ് പുതിയ കൊലപാതകവാര്‍ത്തയും എത്തുന്നത്.















