യുഎസ് ഇമിഗ്രേഷനില്‍ തടവിലാക്കപ്പെട്ടിട്ട് രണ്ടുമാസം; ട്യൂമര്‍ ബാധിച്ച സിഖ് യുവാവിന് വൈദ്യസഹായം നിഷേധിച്ചെന്ന് കുടുംബം

വാഷിംഗ്ടണ്‍ : രണ്ടുമാസമായി യുഎസ് ഇമിഗ്രേഷനില്‍ തടവിലാക്കപ്പെട്ട രോഗിയായ ഇന്ത്യന്‍ വംശജന് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. ബ്രെയിന്‍ ട്യൂമറും ഹൃദ്രോഗവും ബാധിച്ച പരംജിത് സിംഗ് എന്ന സിഖ് യുവാവിന്റെ കുടുംബമാണ് പരാതിയുമായി എത്തിയത്. യുഎസ് ഗ്രീന്‍ കാര്‍ഡ് ഉടമയായ ഇദ്ദേഹം രണ്ട് മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാണ്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമയായ പരംജിത് സിംഗ്, 1994 മുതല്‍ യുഎസില്‍ താമസിക്കുന്നു. നിരവധി ഗ്യാസ് സ്റ്റേഷനുകളുടെ ഉടമകളായ കുടുംബത്തോടൊപ്പം അദ്ദേഹം ഇന്ത്യാനയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും യുഎസ് പൗരന്മാരാണ്. എന്നാല്‍ പരംജിത് സിംഗ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്.

ഇന്ത്യയിലെത്തി മടങ്ങവെ ജൂലൈ 30 ന്, ചിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ കസ്റ്റഡിയിലാണ്. പഴയൊരു കേസ് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അധികൃതര്‍ ഇദ്ദേഹത്തെ തടങ്കലില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ സിംഗിനെതിരെ സജീവമായ കേസുകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകനും ചൂണ്ടിക്കാട്ടുന്നു. ഇമിഗ്രേഷന്‍ അധികൃതര്‍ പഴയ കേസുകള്‍ കാട്ടി മോചനം വൈകിപ്പിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടാതെ ബ്രെയിന്‍ ട്യൂമറും ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും കുടുംബം പരാതി ഉന്നയിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇമിഗ്രേഷന്‍ പ്രശ്നങ്ങളില്ലാതെ സിംഗ് പതിവായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്നും ഇത്തവണ ആദ്യമായാണ് ഇത്തരത്തിലൊരു പ്രശ്‌നം നേരിട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അഞ്ച് ദിവസം അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചുവെന്നും, തുടര്‍ന്ന് ഇന്ത്യാനയിലെ ക്ലേ കൗണ്ടി തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും കുടുംബം പറയുന്നു.

പണം നല്‍കാതെ സിംഗ് പൊതു ഫോണ്‍ ഉപയോഗിച്ചതാണ് കേസായത്. തുടര്‍ന്ന് 10 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചതായും 4,137.50 ഡോളര്‍ പിഴ അടച്ചതായും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. ശിക്ഷ അദ്ദേഹത്തിന്റെ യുഎസ് പൗരത്വത്തിന് വിലങ്ങുതടിയായി.

2008-ല്‍ ഇല്ലിനോയിയില്‍ വ്യാജരേഖ ചമയ്ക്കല്‍ കുറ്റത്തിന് സിംഗ് ശിക്ഷിക്കപ്പെട്ടുവെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആ വാദം തെറ്റാണെന്നും അദ്ദേഹത്തിനെതിരെ അത്തരം കുറ്റങ്ങളൊന്നുമില്ലെന്നും കുടുംബം വാദിക്കുന്നു.

More Stories from this section

family-dental
witywide