
ചണ്ഡിഗഡ്: ഗുരുനാനാക് ദേവിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാക്കിസ്ഥാനിലേക്ക് തീർഥയാത്രപോയ സംഘത്തിലെ വനിതയെ കാണാതായെന്നും ഇവർ മതംമാറിയെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സിഖ് സ്ത്രീ ഇസ്ലാമിലേക്ക് മതം മാറി പാകിസ്ഥാനിൽ ഒരാളെ വിവാഹം കഴിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.
പഞ്ചാബിലെ കപൂർത്തല നിവാസിയായ 52 കാരിയായ സരബ്ജിത് കൗറും മറ്റ് സിഖ് തീർത്ഥാടകരും വാഗ-അട്ടാരി അതിർത്തി കടന്ന് നവംബർ 4 നാണ് തീർത്ഥാടനത്തിനായി പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്. മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന ഉഭയകക്ഷി കരാർ പ്രകാരമായിരുന്നു ഇവരുടെ യാത്ര. ഗുരുനാനാക് ദേവിന്റെ 555-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് യാത്ര നടത്തിയത്. 1,992 സിഖ് തീർത്ഥാടകരുടെ സംഘം പാകിസ്ഥാനിൽ ഏകദേശം 10 ദിവസം ചെലവഴിച്ച ശേഷം നവംബർ 13 ന് ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ, സരബ്ജിത് കൗർ അവരോടൊപ്പം ഉണ്ടായിരുന്നില്ല.
ലാഹോറിൽ നിന്ന് ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര നിവാസിയായ നാസിർ ഹുസൈനെ കൗർ വിവാഹം കഴിച്ചുവെന്ന് കാട്ടി ഒരു ‘നിക്കാഹ്‌നാമ’ (ഇസ്ലാമിക വിവാഹ കരാർ) ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് മുമ്പ് അവർ ഇസ്ലാം മതം സ്വീകരിച്ച് നൂർ എന്ന പേര് മാറ്റിയിരുന്നുവെന്നും ഉറുദുവിൽ എഴുതിയ രേഖയിലുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട്. എങ്കിലും ഈ വിവരങ്ങളുടെ ആധികാരികത ഇപ്പോഴും വ്യക്തമല്ല. കൌർ വിവാഹമോചിതയും രണ്ട് മക്കളുടെ അമ്മയുമാണ്. അവരുടെ മുൻ ഭർത്താവ് ഏകദേശം 30 വർഷമായി ഇംഗ്ലണ്ടിലാണ് താമസം.
പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് കൗറിന്റെ താമസം. അവരുടെ പാസ്പോർട്ടിൽ ഇവിടുത്തെ വിലാസമാണ് ഉള്ളത്. അവർ പാകിസ്ഥാനിൽ അപ്രത്യക്ഷയായതായും ഇമിഗ്രേഷൻ രേഖകളിൽ പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് തെളിവുകളില്ലെന്നും അധികൃതരും വ്യക്തമാക്കുന്നു. കൗർ മടങ്ങാത്തതിനെത്തുടർന്ന്, ഇവിടുത്തെ ഇമിഗ്രേഷൻ വകുപ്പ് ഉടൻ തന്നെ പഞ്ചാബ് പൊലീസിനെ അറിയിച്ചു. വിവിധ ഏജൻസികൾക്കും പ്രാഥമിക റിപ്പോർട്ട് അയച്ചിട്ടുണ്ട്. അവരുടെ തിരോധാനത്തെക്കുറിച്ച് ഇന്ത്യ പാക്കിസ്ഥാനോട് വിവരങ്ങൾ തേടിയതായും റിപ്പോർട്ടുണ്ട്.
സിഖുകാരുടെ ഉന്നത സംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) എല്ലാ വർഷവും ചരിത്രപ്രസിദ്ധമായ ഗുരുദ്വാരകളിൽ, പ്രത്യേകിച്ച് ഗുരുനാനാക്കിന്റെ പ്രകാശ് പർവ്വത്തിൽ (പാകിസ്ഥാനിലേക്ക്) തീർത്ഥാടകരുടെ ഒരു സംഘത്തെ അയയ്ക്കാറുണ്ട്. ഇതിൻ്റെ ഭാഗമായിരുന്നു കൌറും സംഘവും.
Sikh woman who went missing in Pakistan as part of a pilgrimage group reportedly converted; reportedly married a Pakistani citizen.















