‘ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു’,ഇസ്രയേലില്‍ ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയതിനു സമാനം ; പഹല്‍ഗാമിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ അംബാസഡര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണവുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് രണ്ട് ആക്രമണങ്ങളും നടന്നതെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഏകോപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് റൂവന്‍ ചൂണ്ടിക്കാട്ടി.

‘ഭീകരര്‍ എല്ലാ തലങ്ങളിലും സഹകരിക്കുകയും പരസ്പരം അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരെ പരാജയപ്പെടുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,’- റൂവന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദികള്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതില്‍, ഇസ്രായേലില്‍ 1,400 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ സമാനതകള്‍ വരച്ചുകാട്ടുകയും ചെയ്തു അദ്ദേഹം. ‘നിര്‍ഭാഗ്യവശാല്‍, ഈ തീവ്രവാദ ഗ്രൂപ്പുകള്‍ പരസ്പരം പ്രചോദനം നല്‍കുന്നുണ്ടെന്ന് നാം സമ്മതിക്കണം. പഹല്‍ഗാം ആക്രമണവും ഒക്ടോബര്‍ 7 (2023) ഇസ്രായേലില്‍ നടന്നതും തമ്മില്‍ സമാനതകളുണ്ട്. നിരപരാധികളായ വിനോദസഞ്ചാരികള്‍ പഹല്‍ഗാമില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്നു, അതേസമയം ഇസ്രായേലില്‍ ആളുകള്‍ ഒരു സംഗീതോത്സവം ആഘോഷിക്കുകയായിരുന്നു,’ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ.

കഴിഞ്ഞ ഫെബ്രുവരിയില്‍ ‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍’ നിരവധി ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരില്‍ എത്തിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഹമാസിനെ ഭീകര സംഘടനായി ഇന്ത്യ പ്രഖ്യാപിക്കണമെന്നും നിരോധിക്കണമെന്നുമുള്ള സമ്മര്‍ദ്ദം ഇസ്രയേല്‍ ശക്തമാക്കുകയും ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി മുന്നറിയിപ്പു നല്‍കുകയാണ് ഇസ്രയേല്‍. അന്ന് അവിടെ അവര്‍ ജെയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദികളുമായും മറ്റ് ചിലരുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടെന്നും ഇസ്രയേല്‍ അംബാസഡര്‍ പറയുന്നു.

അതേസമയം, പഹല്‍ഗാം ആക്രമണത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ ഇസ്രായേല്‍ അംബാസഡര്‍ പ്രശംസിച്ചു. കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ ‘വേട്ടയാടുമെന്ന്’ പ്രധാനമന്ത്രി മോദി ഉറപ്പു നല്‍കിയിരുന്നു

More Stories from this section

family-dental
witywide