
തൃശൂര്‍ : വ്യാഴാഴ്ച അന്തരിച്ച അനശ്വര ഗായകന്‍ പി.ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് പാലിയം ശ്മശാനത്തില്‍.
ഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒട്ടേറെപ്പേരാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമായി ഇന്നലെ എത്തിയത്.
ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് രാവിലെ 10നു മൃതദേഹം പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാകും 3.30ന് ശവദാഹം നടത്തുക.
മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോള്‍ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയില്‍നിന്നു മരുമകള്‍ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരന്‍ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.