തൃശൂർ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങൾ അപമാനകരമാണെന്ന് ഗായകൻ വേടൻ. ‘വേടനു പോലും അവാർഡ് നൽകി’ എന്ന പരാമർശമാണ് അപമാനകരമെന്ന് വേടൻ പറഞ്ഞത്. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ വ്യക്തമാക്കി. എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിലെ ‘കുതന്ത്രം’ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതാണ് വിവാദമായത്. അവാർഡ് വലിയ അംഗീകാരമായി കാണുന്നുവെന്നും രാഷ്ട്രീയ പിന്തുണയുടെ ഭാഗമല്ല ഇതെന്നും വേടൻ പറഞ്ഞു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലൈംഗികപീഡന കേസുകൾ നേരിടുന്നയാൾക്ക് പുരസ്‌കാരം നൽകിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. തുടർച്ചയായ കേസുകൾ ജോലിയെ ബാധിച്ചുവെന്നും വ്യക്തിജീവിതത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് തോന്നിയിട്ടുണ്ടെന്നും വേടൻ സമ്മതിച്ചു. പ്രായത്തിന്റെ പക്വതക്കുറവുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











