SIR: ബംഗാളിൽ വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ 58 ലക്ഷം പേർ കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്ത്

പശ്ചിമ ബംഗാളിൽവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ (എസ്ഐആർ) 58 ലക്ഷം പേർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടികളുടെ ഭാഗമായി ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലാണ് 58 ലക്ഷം പേരെ നീക്കംചെയ്തത്. ഇതിൽ 24 ലക്ഷം പേർ മരിച്ചവരാണ്. 19 ലക്ഷം പേർ താമസം മാറിയവരും 12 ലക്ഷം പേർ കണ്ടെത്താനാകാത്തവരുമാണ്. 1.3 ലക്ഷം പേരുകൾ ആവർത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് തിരുത്തൽ ആവശ്യപ്പെടാം. തുടർന്ന് ഈ പരാതികളെല്ലാം പരിശോധിച്ചശേഷം ഫെബ്രുവരിയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 2002-ലാണ് ബംഗാളിൽ അവസാനമായി വോട്ടർപട്ടിക തീവ്രപരിഷ്കരണം നടന്നത്. അതേസമയം, 58 ലക്ഷം പേരെ എസ്ഐആർ നടപടികളുടെ ഭാഗമായുള്ള കരട് പട്ടികയിൽനിന്ന് നീക്കംചെയ്തതിൽ ബംഗാളിൽ പുതിയ രാഷ്ട്രീയവിവാദങ്ങൾക്ക് തുടക്കമിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും നേരത്തേതന്നെ എസ്ഐആറിനെതിരേ രംഗത്തെത്തിയിരുന്നു. നിയമസഭതിരഞ്ഞെടുപ്പിന് മുൻപായി ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടാനാണ് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു മമതാ ബാനർജിയുടെ ആരോപണം. വോട്ടർമാരുടെ പേരുകൾ വെട്ടിയാൽ ജനങ്ങൾ തെരുവിലിറങ്ങണമെന്നും മമതാ ബാനർജി ആഹ്വാനംചെയ്‌തിരുന്നു.

എന്നാൽ, അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടുന്ന വോട്ട് ബാങ്ക് സംരക്ഷിക്കാനായാണ് മമത ബാനർജി എസ്ഐആറിനെ എതിർക്കുന്നതെന്നാണ് ബിജെപിയുടെ വാദം. മരിച്ചവരുടെയും വ്യാജവോട്ടർമാരുടെയും പേരുകൾ പട്ടികയിൽനിന്ന് നീക്കംചെയ്യുന്നതിലൂടെ അധികാരം നഷ്ട്‌ടപ്പെടുമെന്ന് മമത ബാനർജി ഭയക്കുന്നതായും ഇതിൻ്റെ പേരിലാണ് അവർ കോലാഹലം സൃഷ്ട‌ിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

SIR: 58 lakh people left out of draft voter list in Bengal’s drastic voter list revision

More Stories from this section

family-dental
witywide