
കോട്ടയം: കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജലന്ധര്‍ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ ആരോപണം. ബിഷപ് ഫ്രാങ്കോ മുളക്കയ്ല്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തിയ സിസ്റ്റര്‍ അനുപമ തിരുവസ്ത്രം ഉപേക്ഷിച്ചു.
സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കുറവിലങ്ങാട്ടെ മഠത്തിലെ മൂന്ന് കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരാണ് നിര്‍ണായകമായ തീരുമാനം എടുത്ത് മഠംവിട്ടത്.
പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ മഠത്തില്‍ ഇപ്പോഴും മഠത്തില്‍ തുടരുന്നുണ്ട്. കോണ്‍വെന്റില്‍ തുടരുന്നതിന്റെ മാനസിക സമ്മര്‍ദമാണ് മഠം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മഠം വിടുന്ന കാര്യം ജലന്ധര്‍ രൂപതയെയും കോണ്‍വെന്റ് അധികൃതരെയും അറിയിച്ചിരുന്നു. ജലന്ധര്‍ രൂപത ബിഷപ് മഠത്തിലെത്തി ഇവരോട് സംസാരിക്കുകയും ചെയ്തതായി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കൂട്ടായ്മ പ്രതിനിധി പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളക്കല്‍ 2014 മുതല്‍ 2016 വരെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു മഠം അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതി. ഇതില്‍ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 2018 സെപ്റ്റംബറില്‍ ബിഷപ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്കുശേഷം 2022 ജനുവരി 14ന് ബിഷപ്പിനെ വെറുതെവിടുകയായിരുന്നു.