
ന്യൂജഴ്സി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ ബഹളം വെയ്ക്കുകയും തുടർന്ന് വിമാനത്തിൽ നിന്ന് പുറത്താക്കിയ ദേഷ്യത്തിൽ വിമാനത്താവളത്തിലെ എയർബ്രിജിൽ ഒരു ജീവനക്കാരിയെ തള്ളിയിടുകയും ചെയ്ത സഹോദരിമാരെ കുടുക്കിയത് ജീവനക്കാരിയുടെ നിർണായക മൊഴി എന്ന് റിപ്പോർട്ടുകൾ. ഈവർഷം മേയിലായിരുന്നു സംഭവം. ഓർലാൻഡോയിൽ നിന്ന് ന്യൂജഴ്സിയിലേക്കുള്ള ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ സഹോദരിമാരായ മൗറ ലയോൺസ് (31), കീര ലയോൺസ് (22) എന്നിവരാണ് മദ്യലഹരിയിൽ പ്രശ്‌നമുണ്ടാക്കിയത്.
സഹോദരികൾ വിമാനത്തിൽ കയറുകയും അധികം വൈകാതെ ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റിനോട് കീര ഉറക്കെ അലറി വിളിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തു. തുടർന്ന് എയർലൈൻ ജീവനക്കാർക്ക് വിമാനത്തിൽ നിന്ന് ഇരുവരെയും പുറത്താക്കി. തങ്ങളെ പുറത്താക്കിയതിലുള്ള ദേഷ്യം നിയന്ത്രിക്കാൻ കഴിയാതിരുന്ന യുവതികൾ എയർബ്രിജിലൂടെ നടന്നുപോകുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു ഗേറ്റ് ഏജന്റിനെ തള്ളി താഴെയിട്ടു. താഴെ വീണ ഏജന്റിന് പരുക്കേൽക്കുകയും സഹോദരിമാർ വീണ്ടും ഒരാളെ കൂടി തള്ളാൻ ശ്രമിച്ചപ്പോൾ ഫ്ലൈറ്റ് സൂപ്പർവൈസർ ഇടപെട്ട് തടയുകയായിരുന്നു.
എന്നാൽ, പൊലീസ് സ്‌ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ ആക്രമിച്ചുവെന്നാണ് സഹോദരിമാർ മൊഴി നൽകിയത്. പക്ഷേ ആക്രമിച്ചവരെക്കുറിച്ച് കൃത്യമായ വിവരണം നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. അതേസമയം ജീവനക്കാരുടെ മൊഴിയെടുക്കുന്നതിനിടെയാണ് ആദ്യം എന്നെ തള്ളിയിട്ടത് മെലിഞ്ഞ, കോളജ് വിദ്യാർഥിയെ പോലെ പ്രായം തോന്നിക്കുന്ന ഇളയ സഹോദരിയാണെന്നും പിന്നാലെ, തടിയുള്ള, പ്രായം കൂടിയ സഹോദരി വീണ്ടും എന്നെ തള്ളിയിട്ട് നിലത്തിട്ടെന്നും ഒരു ജീവനക്കാരി പൊലീസിനോട് പറഞ്ഞത്. പൊലീസിന് പ്രതികളെ തിരിച്ചറിയാൻ ഈ മൊഴി സഹായകമാകുകയും തുടർന്ന്, നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പൊലീസിന്റെ ബോഡികാം റെക്കോർഡ് ചെയ്യുകയുമായിരുന്നു. ബോഡികാം ദൃശ്യങ്ങളിൽ പൊലീസ് കൈവിലങ്ങ് വയ്ക്കുമ്പോഴും യുവതികൾ കുറ്റവാളികൾ അല്ലെന്ന് പറയുന്നത് കാണാം.