
മംഗളൂരു: 1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളംപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അന്വേഷണം ആരംഭിച്ചു. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിജിപി പ്രണവ് മൊഹന്തി, ഡിഐജി എം.എൻ. അനുഛേദ്, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവർക്ക് പുറമേ വിവിധ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾമാർ എന്നിവരടക്കം 20 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
ഡിഐജി അനുഛേദും എസ്.പി. ജിതേന്ദ്രകുമാറും കഴിഞ്ഞദിവസം തന്നെ മംഗളൂരുവിലെത്തി രണ്ടുതവണ യോഗം വിളിച്ചിരുന്നു. മംഗളൂരുവിലെ സർക്യൂട്ട് ഹൗസിലായിരുന്നു സുപ്രധാനയോഗം നടന്നത്. പിന്നീട് പടിഞ്ഞാറൻമേഖലാ ഐജി അമിത് സിങ്ങുമായും ഇവർ ചർച്ചനടത്തി. ബെൽത്തങ്കടി പോലീസ് സ്‌റ്റേഷന് സമീപത്തായി പ്രത്യേക അന്വേഷണസംഘത്തിൻ്റെ ഓഫീസ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ധർമസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയിൽനിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അതീവരഹസ്യമായിട്ടായിരിക്കും പ്രത്യേകഅന്വേഷണസംഘത്തിന്റെ അന്വേഷണം. കുഴിച്ചു മൂടിയതിൽ മിക്കവരും സ്ത്രീകളും പെൺകുട്ടികളുമാണെന്നും ബലാത്സംഗത്തിനിരയായാണ് പലരും കൊല്ലപ്പെട്ടതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരിക്കുന്നത്