
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങിള്‍ വിനോദ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്കും അത്തരമൊരു പദ്ധതി മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും സന്തോഷം നല്‍കുന്നൊരു വാര്‍ത്ത എത്തി. ഇനി ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാം! അതിനായുള്ള ടൂറിസ്റ്റ് വീസ യാഥാര്‍ഥ്യമാകുന്നു. 3 മാസം വരെയായിരിക്കും വീസയുടെ കാലാവധിയെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദയ്വി അറിയിച്ചു.
ദുബായ്, സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളാണ് ഒറ്റ വീസയില്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ ഉടന്‍ യാഥാര്‍ഥ്യമാകും. ഗള്‍ഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ടീയ ബന്ധം സുദൃഢമാക്കാന്‍ പുതിയ വീസയിലൂടെ കഴിയുമെന്നാണു വിലയിരുത്തല്‍. മാത്രമല്ല, വ്യോമ-നാവിക-കര ഗതാഗതം, ഹോട്ടല്‍, സുരക്ഷ എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികള്‍ക്കും നീക്കം കരുത്ത് പകരും. വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും. ഗള്‍ഫ് രാജ്യങ്ങള്‍ എന്നും ഒന്നിച്ചാണെന്ന സന്ദേശവും ഏകീകൃത ടൂറിസ്റ്റ് വീസ ലോകത്തിനു നല്‍കും.