ശിശുദിനത്തില്‍ 10 മിനുട്ട് വൈകി സ്‌കൂളിലെത്തി ; ശിക്ഷയായി 100 സിറ്റ് അപ്പ്, അധ്യാപികയുടെ ക്രൂരതയില്‍ ആറാംക്ലാസുകാരിക്ക് മരണം

വസായി: സ്‌കൂളിലെത്താന്‍ വൈകിയതിന് അധ്യാപികയുടെ ശിക്ഷാ ഭാരത്താല്‍ ആറാംക്ലാസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈ സ്‌കൂളില്‍ ഇക്കഴിഞ്ഞ ശിശുദിനത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വൈകി എത്തിയതിന് കാജല്‍ ഗോണ്ട് എന്ന വിദ്യാര്‍ത്ഥിനിക്ക് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീര്‍ന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ 12 വയസുകാരിയായ കാജലിനെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാര്‍ത്ഥിനിയെ മാറ്റി. എങ്കിലും രക്ഷിക്കാനായില്ല.

നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലില്‍ നിന്ന് സ്‌കൂള്‍ ബാഗ് മാറ്റാന്‍ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാന്‍ കാരണമായത് കഠിനമായ ശിക്ഷയാണെന്നും ഇവര്‍ പറയുന്നു. കുട്ടി മരണപ്പെട്ടതോടെ സ്‌കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധവുമായി എത്തി. സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം, കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കുട്ടിക്ക് കടുത്ത വിളര്‍ച്ച ഉണ്ടായിരുന്നതായാണ് വിവരം. ശരീരത്തില്‍ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് വിളര്‍ച്ച. ഇത് ക്ഷീണം, ബലഹീനത, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കും. വിളര്‍ച്ചയുള്ള കുട്ടി ഭാരമുള്ള സ്‌കൂള്‍ ബാഗ് പുറത്തിട്ടുകൊണ്ട് നൂറ് സിറ്റ് അപ്പുകള്‍ എടുത്തപ്പോഴേക്കും തളര്‍ന്നുപോയിരുന്നു.

കാജലിനൊപ്പം വൈകിയെത്തിയ 50 ഓളം വിദ്യാര്‍ത്ഥികളെയും നവംബര്‍ 8 ന് ശിക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാജലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ ശിക്ഷ നല്‍കിയ അധ്യാപിക മംമ്ത യാദവ്, കാജലിനെ ശിക്ഷിച്ചത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും കുട്ടിക്ക് ഉയരം കുറവായതിനാല്‍ അധ്യാപികയ്ക്ക് അവളെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ രാമാശ്രയ് യാദവ് പറഞ്ഞു. 2009 ല്‍ സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ അധ്യാപികയായി മംമ്ത സ്‌കൂളിലുണ്ടായിരുന്നു. അന്വേഷണ വിധേയമായി അവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

Sixth grader dies after being punished with 100 sit-ups for being late to school

More Stories from this section

family-dental
witywide