
ഫ്‌ളോറിഡ : ഫ്‌ളോറിഡയിലെ താമ്പ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഉദ്യോഗസ്ഥര്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തലയോട്ടിയുടെയും അസ്ഥികളുടെയും ഒരു ഭാഗം ഉള്‍പ്പെടെയുള്ളയുള്ള അവശിഷ്ടങ്ങള്‍ ഒരു യാത്രക്കാരന്റെ ലഗേജിനുള്ളില്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ ആചാരപരമായ ഉപയോഗത്തിനുള്ളതാണെന്നാണ് യാത്രക്കാരന്‍ പറഞ്ഞത്.
കസ്റ്റംസില്‍ യാത്രക്കാരന്‍ തുടക്കത്തില്‍ നല്‍കിയ വിവരങ്ങളില്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പരിശോധനയില്‍ നിരോധിത സസ്യങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. യാത്രക്കാരന്‍ വിദേശ പൗരനാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബാഗിലുള്ള സസ്യങ്ങളെക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ കാര്‍ഷിക വിദഗ്ധര്‍ നടത്തുമെന്ന് സിബിപി ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കാര്‍ലോസ് സി മാര്‍ട്ടല്‍ പറഞ്ഞു. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവശിഷ്ടങ്ങള്‍ ഉടനടി നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അസ്ഥികള്‍ എങ്ങനെയാണ് രാജ്യത്ത് പ്രവേശിച്ചതെന്നതടക്കം അധികാരികള്‍ അന്വേഷിക്കുന്നു.
യുഎസിലേക്ക് മനുഷ്യാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നുണ്ട്. രാജ്യത്തിനുള്ളില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രത്യേക രേഖകള്‍ ആവശ്യവുമാണ്. സാധാരണയായി, ദഹിപ്പിക്കാത്ത അവശിഷ്ടങ്ങള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റും വായുകടക്കാതെ കൃത്യമായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതേസമയം, ദഹിപ്പിച്ച അവശിഷ്ടങ്ങള്‍, എംബാം ചെയ്ത മൃതദേഹങ്ങള്‍, വൃത്തിയുള്ളതും ഉണങ്ങിയതുമായ അസ്ഥികള്‍ എന്നിവ അനുമതിയില്ലാതെ തന്നെ യാത്രക്കാരന് കൊണ്ടുവരാന്‍ കഴിയും.