
കൊളറാഡോ: അമേരിക്കന്‍ സംസ്ഥാനമായ കൊളറാഡോയിലെ ഒരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ചെറു വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് സെസ്‌ന 172 ഉം എക്‌സ്ട്രാ ഫ്‌ലഗ്‌സ്യൂഗ്ബൗ EA300 ഉം കൂട്ടിയിടിച്ചത്. രണ്ടും ഒറ്റ എഞ്ചിനുകളുള്ള ചെറുവിമാനങ്ങളാണ്. ഇരു വിമാനങ്ങളിലും രണ്ടുപേര്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. തകര്‍ന്നുവീണ് ഉടന്‍ തീ പടരുകയായിരുന്നുവെന്ന് മോര്‍ഗന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
എക്‌സ്ട്രാ ഫ്‌ലഗ്‌സ്യൂഗ്ബൗ EA300ലുണ്ടായിരുന്നവരില്‍ ഒരാളാണ് മരിച്ചത്. സെസ്‌നയിലുള്ള രണ്ടുപേരുടേയും പരുക്ക് നിസാരമാണ്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും എഫ്എഎയും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഡെന്‍വറിന് വടക്കുകിഴക്കായി ഏകദേശം130 കിലോമീറ്റര്‍ അകലെയുള്ള ഒരു നഗരമാണ് ഫോര്‍ട്ട് മോര്‍ഗന്‍. ഇവിടെ ഏകദേശം 12,000 ആളുകള്‍ താമസിക്കുന്നുണ്ട്.