
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന സംഗീത സംവിധായകൻ പലാശ് മുച്ഛലുമായുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. ആഴ്ചകളായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സ്മൃതി തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം വ്യക്തമാക്കി. “ഇത് ഇവിടെ അവസാനിപ്പിക്കുന്നു, മുന്നോട്ടു പോകാൻ സമയമായി” എന്ന് അവർ കുറിച്ചു. നവംബർ 23-ന് സ്മൃതിയുടെ ജന്മനാടായ സാംഗ്ലിയിൽ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നം വന്നതിനെ തുടർന്ന് ചടങ്ങ് മാറ്റിവെച്ചു. വിവാഹവേദിയിൽ തന്നെ ആംബുലൻസ് വിളിച്ച് പിതാവ് ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. പിന്നാലെ സ്മൃതിയും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു.
വിവാഹം മാറ്റിവെച്ച ഉടനെ പലാശ് മുച്ഛലിന്റെ പെൺസുഹൃത്തുക്കളുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബോളിവുഡ് കൊറിയോഗ്രാഫർമാരായ മേരി ഡി കോസ്റ്റ്, നന്ദിക ദ്വിവേദി തുടങ്ങിയവരുമായി പലാശ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നത് വിവാദമായി. ഇതാണ് വിവാഹം പൂർണമായും റദ്ദാക്കാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
സ്വകാര്യതയെ വിലമതിക്കുന്ന വ്യക്തിയാണെന്നും ഇനി ഇതേക്കുറിച്ച് കൂടുതൽ ചർച്ച വേണ്ടെന്നും സ്മൃതി വ്യക്തമാക്കി. ഇരു കുടുംബങ്ങളുടെയും സ്വകാര്യത ബഹുമാനിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് തുടരുമെന്നും മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറാണെന്നും അവർ കുറിച്ച് അവസാനിപ്പിച്ചു. സ്മൃതിയുടെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ആശ്വാസവും പിന്തുണയും നൽകിയിട്ടുണ്ട്. “നിന്നെപ്പോലെ ശക്തയായ പെൺകുട്ടിക്ക് ഇതൊക്കെ ചെറിയ കാര്യമാണ്, തിരിച്ചുവരൂ സ്മൃതി” എന്നാണ് ആരാധകരുടെ പ്രതികരണം.










