ആഗോള അയ്യപ്പസംഗമം ഒരു അത്ഭുതമാകുമെന്ന് വെള്ളാപ്പള്ളി, സതീശന് രൂക്ഷ വിമർശനം, ‘മുഖ്യമന്ത്രിയാകാൻ റിഹേഴ്സൽ നടത്തുന്നു, പക്ഷേ കഴിവ് കുറവ്’

ആലപ്പുഴ: ആഗോള അയ്യപ്പസംഗമം ഒരു അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയുടെ പ്രാധാന്യം ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക പുരോഗതിക്കും ഈ സംഗമം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള അയ്യപ്പ ഭക്തരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഈ സംരംഭം ചരിത്രത്തിൽ ഇടംനേടുമെന്നും, ഇതിനോട് സഹകരിക്കാതെ എതിർക്കുന്നവർ ചരിത്രത്തിന്റെ പരിഹാസ്യ കഥാപാത്രങ്ങളാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പുമായി ഈ സംഗമത്തിന് യാതൊരു ബന്ധവുമില്ലെന്നും അത്തരം ആരോപണങ്ങൾ ബാലിശമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീപ്രവേശന വിഷയത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ 99 സീറ്റുകളോടെ വീണ്ടും അധികാരത്തിൽ വന്നത് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. ശബരിമലയുടെ വികസനം സാമ്പത്തിക മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനവും ഉയർത്തി. എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സൽ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സതീശന്റെ സമീപനത്തിനും സംസാരത്തിനും ആവശ്യമായ നിലവാരം ഇല്ലെന്ന് വിമർശിച്ച വെള്ളാപ്പള്ളി, മുൻ പ്രതിപക്ഷ നേതാക്കളെ അപേക്ഷിച്ച് സതീശന് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് കുറവാണെന്നും കുറ്റപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide