
ന്യൂഡൽഹി : ഡൽഹിയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞും പുകമഞ്ഞും കാരണം ഇന്ന് വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി. ഞായറാഴ്ച മാത്രം ഡൽഹി വിമാനത്താവളത്തിൽ 97 വിമാനങ്ങൾ റദ്ദാക്കി. കൂടാതെ, കുറഞ്ഞ കാഴ്ചപരിധി (Low visibility) കാരണം 200-ലധികം വിമാനങ്ങൾ വൈകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനവും ഇതിൽ ഉൾപ്പെടുന്നു.
കനത്ത മൂടൽമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. സുരക്ഷ കണക്കിലെടുത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള 50-ലധികം ട്രെയിനുകൾ നിലവിൽ വൈകിയാണ് സർവീസ് നടത്തുന്നത്.
യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെയും ട്രെയിനുകളുടെയും പുതുക്കിയ സമയം അതത് എയർലൈനുകളുടെയോ റെയിൽവേയുടെയോ ഔദ്യോഗിക സൈറ്റുകൾ വഴി പരിശോധിക്കണമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം, തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞും തണുപ്പും തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Snow in Delhi 97 flights cancelled, 200 delayed, train services disrupted, orange alert















