
തൃശൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ഫോണിൽ വിളിച്ച് സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചുവെന്ന് ശോഭ സുരേന്ദ്രൻ പ്രസംഗിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം നടത്തുന്നത്. പൊലീസ് ഇൻ്റലിജൻസാണ് അന്വേഷിക്കുന്നത്.
കേരള പൊലീസിൽ 60 ശതമാനം പേരും നരേന്ദ്ര മോദിയുടെ ഫാൻസാണെന്നും ശോഭ പറഞ്ഞിരുന്നു. പൊലീസ് സേനയിൽ സംഘപരിവാർ അനുകൂലികൾ ശക്തമാണെന്ന് സിപിഎം. അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം പറയുന്നതാണ്. ഇതു ശരിവയ്ക്കുന്നതായിരുന്നു ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവന. ഇതിനിടെ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരനെ കണ്ടെത്താൻ ബിജെപിയും അന്വേഷണം തുടങ്ങി.
പുറകിൽ നിന്നായിരുന്നു ജസ്റ്റിന്റെ തലയ്ക്കടിച്ചത്. മാസ്‌ക് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജസ്റ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബിജെപി നേതാക്കളുടെ പക്കലുണ്ട്. ബിജെപി നേതാവിനെ തന്നെ തിരഞ്ഞു പിടിച്ച് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്നാണ് സൂചന. സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ ബിജെപി മാർച്ചിനിടെയായിരുന്നു ജില്ലാ പ്രസിഡൻ്റിന് തലയ്ക്കടിയേറ്റത്.