
ന്യൂഡൽഹി : സൈനികരുടെ സാമൂഹ്യമാധ്യമ ഉപയോഗത്തിൽ പ്രധാനപ്പെട്ട ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ മുമ്പ് നിലനിന്നിരുന്ന കർശനമായ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ.
സൈനികർക്കും ഓഫീസർമാർക്കും ഇപ്പോൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഉള്ളടക്കം കാണുന്നതിനും വിവരശേഖരണത്തിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യാനോ, മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് ലൈക്കോ കമന്റോ നൽകാനോ സൈനികർക്ക് അനുവാദമില്ല.
കൂടാതെ, സാമൂഹ്യമാധ്യമങ്ങളിൽ സൈന്യത്തെക്കുറിച്ചോ മറ്റോ വരുന്ന തെറ്റായ വിവരങ്ങളും വ്യാജ പോസ്റ്റുകളും കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കാനും ഈ അനുമതി പ്രയോജനപ്പെടുത്താം. ലിങ്ക്ഡ്ഇൻ അക്കൗണ്ടുകൾ തൊഴിൽപരമായ ആവശ്യങ്ങൾക്കോ റെസ്യൂമെ അപ്‌ലോഡ് ചെയ്യാനോ മാത്രമേ ഉപയോഗിക്കാവൂ. ഇതിനായി പ്രത്യേക അനുമതി തേടേണ്ടതുണ്ട്.
അതേസമയം, യൂണിഫോമിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. റാങ്ക്, യൂണിറ്റ്, സ്ഥലവിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നതും ശിക്ഷാർഹമാണ്. വിദേശ ഏജൻസികളുടെ ‘ഹണി ട്രാപ്പിംഗിൽ’ (Honey trapping) സൈനികർ വീഴുന്നത് ഒഴിവാക്കാനും സൈനിക രഹസ്യങ്ങൾ ചോരുന്നത് തടയാനുമാണ് ഇത്തരം നിയന്ത്രണങ്ങൾ തുടരുന്നത്.
സേവനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ, ആയുധങ്ങളുടെ വിവരങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു വിവരവും പങ്കുവെക്കാൻ പാടില്ല. സേവനത്തിലിരിക്കെ രാഷ്ട്രീയപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനോ വിവാദ വിഷയങ്ങളിൽ ഇടപെടുന്നതിനോ അനുമതിയില്ല.
soldiers can now use Instagram, but there are still conditions.















