
ന്യൂഡല്‍ഹി: യുഎസിലേക്ക് വിഷാംശം നിറഞ്ഞ ഒരു ഫംഗസ് കടത്തിയെന്ന് ആരോപിച്ച് രണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ കുറ്റം ചുമത്തിയതിനു പിന്നാലെ പുതിയൊരു മുന്നറിയിപ്പുമായി ചൈനീസ് വംശജനായ യുഎസ് പ്രമുഖന്‍ ഗോര്‍ഡന്‍ ഗുത്രി ചാങ്.
അമേരിക്ക ശ്രദ്ധിച്ചില്ലെങ്കില്‍ കോവിഡിനേക്കാള്‍ മോശമായ എന്തെങ്കിലും സംഭവിക്കുമെന്നാണ് ചൈനയുടെ നീക്കത്തെക്കുറിച്ച് ചാങ് പറയുന്നത്.
ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഒരു രോഗമായ ‘ഹെഡ് ബ്ലൈറ്റ്’ ഉണ്ടാക്കുന്ന ‘Fusarium graminearum’ ‘ എന്ന ഫംഗസ് യുഎസിലേക്ക് കടത്താന്‍ ശ്രമിച്ച ചൈനക്കാരായ യുങ്കിംഗ് ജിയാനും(33) കാമുകന്‍ സുന്‍യോങ് ലിയുവും (34) ആണ് പിടിയിലായിരിക്കുന്നത്. ഇരുവരും മുമ്പ് ചൈനയില്‍ ഈ ഫംഗസിനെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ഈ ഫംഗസ് കാര്‍ഷിക ഭീകരവാദ ആയുധം’ ആയി തരംതിരിച്ചിട്ടുണ്ടെന്നും ഇത് ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്നുവെന്നും യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞു. ഇത് മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദ്ദി, കരള്‍ തകരാറ്, പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇവരുടെ നടപടി യുഎസിനെതിരെ യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്നും ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ യുഎസ് സ്വീകരിച്ചില്ലെങ്കില്‍, കോവിഡിനേക്കാള്‍ ‘ഒരുപക്ഷേ മോശമായ എന്തെങ്കിലും’ അമേരിക്കയെ ബാധിച്ചേക്കാമെന്നും അമേരിക്കയിലെ ചൈനീസ് കാര്യങ്ങളില്‍ ഉന്നത വിദഗ്ദ്ധനായ ഗോര്‍ഡന്‍ ജി ചാങ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.