
ഗസ: ഇസ്രയേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകളെല്ലാം തടയുമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും മലേഷ്യയും. അമേരിക്കയുടേതടക്കമുള്ള എല്ലാ കപ്പലുകളും തടയുമെന്ന പ്രഖ്യാപനമാണ് ഈ 3 രാജ്യങ്ങളും നടത്തിയിരിക്കുന്നത്. ഗസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ആയുധങ്ങളുമായി പോകുന്ന കപ്പലുകള്‍ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് തടയുമെന്നാണ് ദക്ഷിണാഫ്രിക്ക, മലേഷ്യ, കൊളംബിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്ന് രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഇസ്രയേലിലേക്ക് സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ഞങ്ങളുടെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ തടയും. മാനുഷിക നിയമങ്ങളുടെ കൂടുതല്‍ ലംഘനങ്ങള്‍ സാധ്യമാക്കുന്ന എല്ലാ ആയുധ കൈമാറ്റങ്ങളും ഞങ്ങള്‍ തടയുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവര്‍ ഫോറിന്‍ പോളിസി മാഗസിന്‍ പ്രസിദ്ധീകരിച്ച സംയുക്ത ലേഖനത്തിലൂടെ വ്യക്തമാക്കിയത്.
ഗസക്കെതിരായ ഇസ്രയേലിന്റെ യുദ്ധം അന്താരാഷ്ട്ര വ്യവസ്ഥയുടെ പരാജയത്തെ തുറന്നുകാട്ടിയെന്നും ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമം നടപ്പിലാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ അത് തകരുമെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം വ്യവസ്ഥാപിതമായി ലംഘിച്ചുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.