സൗത്ത് കാരോലൈന: സൗത്ത് കാരോലൈനയിൽ അശ്രദ്ധമായ ഡ്രൈവിങ് നിർത്തലാക്കാൻ ഹാൻഡ്‌സ്-ഫീ നിയമം നടപ്പിലാക്കുന്നു. മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നത് ഹാൻഡ്‌സ്-ഫീ നിയമ പ്രകാരം നിരോധിച്ചു.
ഹാൻഡ്‌സ്-ഫീ നിയമ പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുക, സന്ദേശം അയയ്ക്കുക, വിഡിയോ കാണുക, സമൂഹമാധ്യമം ഉപയോഗിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഡ്രൈവിങ്ങിനിടെ പോർട്ടബിൾ കംപ്യൂട്ടർ, ജിപിഎസ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഇനി വാഹനം നിർത്തിയ ശേഷം മാത്രമേ മൊബൈൽ ഉപയോഗിക്കാൻ പാടുള്ളു. വ്യവസ്‌ഥകൾ ലംഘിച്ചാൽ ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകുകയും 2026 ഫെബ്രുവരി 28 മുതൽ പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 100 ഡോളർ പിഴ പിഴയും മൂന്ന് വർഷത്തിനുള്ളിൽ ലംഘനം ആവർത്തിച്ചാൽ 200 ഡോളർ പിഴയും ലഭിക്കും. കൂടാതെ ഡ്രൈവിങ് റെക്കോർഡിൽ രണ്ട് പോയിന്റ് കുറയ്ക്കുകയും ചെയ്യും.
പുതിയ നിയമം റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും പുതിയ നിയമത്തെക്കുറിച്ചുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും സൗത്ത് കാരോലൈന ഹൈവേ പട്രോൾ വക്താവ് കോർപ്പറൽ ഡേവിഡ് ജോൺസ് പറഞ്ഞു.















