
സോൾ: കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്‌ത്രീക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പൊതുപരിപാടിക്കെത്തിയ ഗായകനെ അനുവാദമില്ലാതെ കവിളിൽ ചുംബിച്ച 50കാരിയെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിച്ചു വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. ജപ്പാൻകാരിയായ സ്‌ത്രീ സ്വന്തം രാജ്യത്താണ് ഇപ്പോഴുള്ളത്. എത്രയും വേഗം ഹാജരാകാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
കഴിഞ്ഞ വർഷം സോളിൽ നടന്ന ഫ്രീ ഹഗ് ഇവന്റിലായിരുന്നു സംഭവം. പരിപാടിക്കിടെ ബിടിഎസ് താരം ആയിരത്തോളം ആരാധകരെ ആലിംഗനം ചെയ്‌തു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ഇതിനുള്ള അവസരം. ഇതിനിടെ 50കാരി താരത്തെ ചുംബിക്കുകയായിരുന്നു. ആലിംഗനത്തിന് പകരം അനുവാദമില്ലാതെ ചുംബിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഒരു ബിടിഎസ് ആരാധകൻ പരാതി നൽകിയതോടെ പൊലീസ് അന്വേഷണവും തുടങ്ങി. 18 മാസത്തെ നിർബന്ധിത സൈനിക സേവനത്തിന് ശേഷമുള്ള ബിടിഎസ് താരത്തിന്റെ ആദ്യ പൊതുപരിപാടി ആയിരുന്നു ഫ്രീ ഹഗ് ഇവന്റ്.