
കൊച്ചി: എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ച വീഡിയോ ദക്ഷിണ റെയിൽവേ സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തു. ഉദ്ഘാടന ദിവസം തന്നെ ട്രെയിനിനുള്ളിൽ നിന്ന് കുട്ടികൾ പാടിയ ദൃശ്യങ്ങൾ റെയിൽവേ അധികൃതർ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കകം ആ വീഡിയോ പിൻവലിക്കപ്പെട്ടു.
കേരളത്തിന് ലഭിച്ച മൂന്നാമത്തെ വന്ദേഭാരത് സർവീസാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ വീഡിയോ കോൺഫറൻസ് വഴി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ട്രയൽ റൺ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5 50ന് ബെംഗളൂരുവിൽ എത്തിച്ചേരും.
ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.










