
തോമസ് റ്റി ഉമ്മൻ
ഫ്ലോറിഡ: സൗത്ത് വെസ്‌റ്റ് ഫ്ലോറിഡയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും ഇടവക പെരുന്നാളും ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. അമേരിക്കയിലെ സൗത്ത് വെസ്‌റ്റ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസിൻ്റെ ഔദ്യോഗിക കല്പന അനുസരിച്ചു 2015 ഒക്ടോബർ 20നാണ് സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ രൂപം കൊള്ളുന്നത്.

പ്രീസ്റ്റ‌് -ഇൻ-ചാർജ് ആയി നിയമിതനായ റവ. ഫാ. ജോൺസൻ പുഞ്ചക്കോണം ശുശ്രൂഷക്ക് നേതൃത്വം നൽകി.വെരി റവ. ഫാ. ഫിലിപ്പ് ശങ്കരത്തിൽ കോറെപ്പിസ്കോപ്പയാണ് ഇപ്പോഴത്തെ ഇടവക വികാരി.

ഒരു ദശവർഷക്കാലം പൂർത്തീകരിക്കുമ്പോൾ ഇടവക വികാരി വെരി റവ. ഫാ. ഫിലിപ്പ് ശങ്കരത്തിൽ കോറെപ്പിസ്കോപ്പ, സെക്രട്ടറി അഡ്വ. സഞ്ജയ കുര്യൻ, ട്രഷറർ ഡോ. മിനി മാത്യു, കമ്മിറ്റിയംഗങ്ങൾ മറിയാമ്മ കോശി (എക്സ് ഒഫിഷ്യോ), ഡോ. ബിജു തോമസ്, അനിൽ ജോൺ, ശാന്തി തോമസ് എന്നിവരോടൊപ്പം ഇടവകാംഗങ്ങൾക്കും ഏറെ അഭിമാനമാണ്.

സൗത്ത് വെസ്റ്റ‌് ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. 17ന് വൈകിട്ട് 5:30ന് ദേവാലയത്തിൽ സന്ധ്യാനമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും. വചന പ്രഘോഷണം, അവാർഡ് ദാനം, തുടങ്ങിയ പരിപാടികൾക്കുശേഷം ഡിന്നർ ഉണ്ടായിരിക്കും. 18ന് രാവിലെ 8 മണിക്ക് പ്രഭാതനമസ്ക്‌കാരം, തുടർന്ന് കുർബാന. സ്നേഹവിരുന്നോടുകൂടെ ചടങ്ങുകൾ സമാപിക്കും.
Southwest Florida St. Mary’s Indian Orthodox Parish Celebrates 10th Anniversary