
ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ റോക്കറ്റ്, സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്പേസ് എക്സിന് യുഎസ് സര്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിക്കുന്നു. പക്ഷേ നികുതിയിനത്തില്‍ ഒന്നും തിരികെ നല്‍കുന്നില്ലെന്ന് ആക്ഷേപം.
2002 ല്‍ സ്ഥാപിതമായതിനുശേഷം സ്പേസ് എക്സിന് രണ്ട് പതിറ്റാണ്ടിനിടെ കോടിക്കണക്കിന് ഡോളര്‍ ഫെഡറല്‍ കരാറുകള്‍ നല്‍കിയെന്നും എന്നാല്‍, സ്പേസ് എക്സിന് വരുമാന നികുതി വളരെ കുറവോ അല്ലെങ്കില്‍ ഒന്നും തന്നെ നല്‍കേണ്ടിവന്നിട്ടില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പേസ് എക്‌സ് സ്വകാര്യമായി നിക്ഷേപകരോട് ഈ വിവരം പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ സ്ഥാപനമായതുകൊണ്ടുതന്നെ സ്‌പേസ് എക്‌സിന്റെ ധനകാര്യ വിവരങ്ങള്‍ വളരെക്കാലമായി രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച രേഖകള്‍ പ്രകാരം ഭാവിയിലും സ്‌പേസ് എക്‌സിന് നികുതി ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2021 അവസാനത്തോടെ, സ്പേസ് എക്സിന് ഏകദേശം 5.4 ബില്യണ്‍ ഡോളര്‍ നികുതി നഷ്ടം ഉണ്ടായതായി രേഖകളിലെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആ നഷ്ടങ്ങള്‍ നികുതി ആനുകൂല്യം സൃഷ്ടിച്ചു, ഇത് നെറ്റ് ഓപ്പറേറ്റിംഗ് ലോസ് ക്യാരിഫോര്‍വേഡ് എന്നറിയപ്പെടുന്നു. ഭാവിയില്‍ നികുതി നല്‍കേണ്ട വരുമാനത്തിന്റെ തുല്യ തുകയ്ക്ക് ഫെഡറല്‍ വരുമാന നികുതി ഒഴിവാക്കാന്‍ ഇത് സ്പേസ് എക്സിന് അവസരമൊരുക്കുന്നു.
യുഎസ് സര്‍ക്കാരുമായുള്ള കരാറുകളെ അസാധാരണമായ അളവില്‍ ആശ്രയിച്ചിട്ടുള്ള ഒരു കമ്പനിക്ക് 5 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ വരുമാന നികുതി നല്‍കേണ്ടതില്ല എന്നത് സുപ്രധാനവും ശ്രദ്ധേയവുമാണെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2020 ല്‍, ഫെഡറല്‍ കരാറുകള്‍ സ്‌പേസ് എക്‌സിന്റെ വരുമാനത്തിന്റെ ഏകദേശം 84 ശതമാനം സൃഷ്ടിച്ചുവെന്ന് രേഖകള്‍ പറയുന്നു. ഇത് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഒരു കണക്കാണ്.
നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തിയ ചിലത് ഉള്‍പ്പെടെ വലിയ സാങ്കേതിക സ്ഥാപനങ്ങള്‍ പലപ്പോഴും ഫെഡറല്‍ വരുമാന നികുതിയില്‍ കോടിക്കണക്കിന് ഡോളര്‍ അടയ്ക്കുമ്പോഴാമ് സ്‌പേസ് എക്‌സിന് ആനുകൂല്യമുള്ളത്. മൈക്രോസോഫ്റ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.1 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ വരുമാന നികുതിയാണുണ്ടായിരുന്നത്.