രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്നും പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രത്യേക ബ്ലോക്ക് എന്ന കാര്യത്തില്‍ തീരുമാനമെടുത്തു. പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്ക്. കൂടാതെ, സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിലും രാഹുലിന് അവസരം നല്‍കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, നിയമസഭയുടെ പതിനാലാം സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ 19 വരെ ആദ്യ സെഷനും രണ്ടാം സെഷന്‍ 29, 30 വരെയും മൂന്നാം സെഷന്‍ ഒക്ടോബര്‍ 6 മുതല്‍ 10 വരെയുമാണ്. ആദ്യ ദിവസം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും.
ബാക്കി 11 ദിവസങ്ങളില്‍ 9 ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗിക കാര്യങ്ങള്‍ക്കുമായാണ് പരിഗണിക്കുക.നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക സമ്മേളനം നാല് ബില്ലുകള്‍ ആണ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മറ്റേതെങ്കിലും ബില്‍ എടുക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















