
കൊച്ചി: നവംബർ 30 ന് മുമ്പ് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് അനുയോജ്യമാക്കുമെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുകയും ചെയ്തതോടെയാണ്, സ്റ്റേഡിയം നവീകരണത്തിന് സ്പോർട്സ് കേരള ഫൗണ്ടേഷനുമായി (എസ്കെഎഫ്) രേഖാമൂലമുള്ള കരാർ ഉണ്ടെന്ന് വ്യക്തമാക്കി ആന്‍റോ അഗസ്റ്റിൻ രംഗത്തെത്തിയത്. ആദ്യം തിരുവനന്തപുരം സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും, അത് ക്രിക്കറ്റ് സ്റ്റേഡിയമായതിനാൽ ഫിഫ റാങ്കിങ് ലഭിക്കാൻ പ്രയാസമുണ്ടായിരുന്നു. തുടർന്നാണ് ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കൊച്ചി സ്റ്റേഡിയം തിരഞ്ഞെടുത്തതെന്ന് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീനയെ കൊണ്ടുവന്ന് മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ മെസിയെ തനിച്ച് കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലാഭം കൊയ്യുക എന്നതല്ല, മറിച്ച് കേരളത്തിൽ ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയും കായിക, ടൂറിസം മേഖലകളുടെ വികസനം പ്രോത്സാഹിപ്പിക്കുകയുമാണ് തന്‍റെ ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ‘ഞാൻ ആരുടെയും ഒരു പൈസ പോലും വാങ്ങിയിട്ടില്ല, ടിക്കറ്റ് വിറ്റിട്ടുമില്ല. നഷ്ടം വന്നാൽ ഞാൻ തന്നെ സഹിക്കും’- ആന്‍റോ വിവരിച്ചതിങ്ങനെയാണ്. സ്റ്റേഡിയത്തിന്റെ ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ താൻ സ്വന്തം ചെലവിൽ നടത്തുകയാണെന്നും സർക്കാരിന് ഇതിൽ യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.
സ്റ്റേഡിയത്തിന്റെ നവീകരണം ഫിഫയുടെ അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് നടത്തിയതെന്ന് ആന്റോ വിശദീകരിച്ചു. “കേരളത്തിൽ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായി ചിലർ കാണുന്നുണ്ടാകാം, പക്ഷേ എന്റെ ലക്ഷ്യം കേരളത്തിന്റെ കായിക മേഖലയുടെ ഉന്നമനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കളി നടക്കാതെ വന്നാൽ തനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും, അത് സഹിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നവീകരണ പ്രവർത്തനങ്ങൾ സർക്കാർ പദ്ധതിയുടെ ഭാഗമായി നടക്കുന്നതാണെന്നും, ജിസിഡിഎയുടെ തീരുമാനപ്രകാരം താൻ ഫ്രീയായി ഇത് ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.













