അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയെന്ന് കായിക മന്ത്രി

കൊച്ചി: അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നീങ്ങുന്നതെന്ന് കായികമന്ത്രി വി. അബ്ദു റഹിമാന്‍. വലിയ സാമ്പത്തിക ചെലവ് ഉള്ളതുകൊണ്ടാണ് സ്‌പോണ്‍സര്‍മാരെ തേടിയത്. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും അടുത്തയാഴ്ച വരെ കാത്തിരിക്കാമെന്നും കായികമന്ത്രി പ്രതികരിച്ചു.

ഇന്നലെയാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്ത എത്തിയത്. ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലിയോണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം എത്തില്ലെന്ന് സ്ഥിരീകരണമായത്. മെസി കേരള സന്ദര്‍ശനം ഒഴിവാക്കിയതില്‍അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും നിയമ നടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

കേരളത്തില്‍ 2 മത്സരം നടത്താന്‍ വേണ്ടി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്‌പോണ്‍സര്‍ ഇത് പാലിച്ചില്ലെന്നാണ് വിവരം.

More Stories from this section

family-dental
witywide