
മെസി ഫാൻസിന് നിരാശയ്ക്ക് സാധ്യത. അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്. മെസ്സി ഡിസംബറിൽ ഇന്ത്യയിലേക്ക് എത്തുമെങ്കിലും ഷെഡ്യൂളിൽ കേരള സന്ദർശനം ഇല്ല. മെസിയുടെ വരവിൽ കൃത്യസമയത്ത് ആശയ വിനിമയവും സാമ്പത്തിക ഇടപാടും നടന്നില്ലെന്നാണ് സൂചന.
ആദ്യ ഗഡുവായി ടീമിന് 60 കോടിയോളം രൂപ സ്പോൺസർ നൽകിയിരുന്നു. കരാർ ലംഘനം നടന്നതിനാൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പണം തിരികെ നൽകിയേക്കില്ല. ഇന്ത്യയിൽ ഡിസംബർ 12നാണ് മെസി എത്തുന്നത്. ഇന്ത്യയിലെത്തുമ്പോൾ കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക.
ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. സൗഹൃദ മത്സരത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, എം.എസ്. ധോനി എന്നിവർ മത്സരത്തിന്റെ ഭാഗമായേക്കും. ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ് ഇത്. 2011 സെപ്റ്റംബറിൽ എത്തിയ മെസ്സി അന്ന് വെനസ്വേലക്കെതിരെ കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.