വാഷിംഗ്ടൺ: 171-ാമത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷവും വാഷിംഗ്ടണിൽ ശ്രീനാരായണ മിഷൻ സെന്റർ സംഘടിപ്പിച്ചു. മെരിലാൻഡിൽ സിൽവർ സ്പ്രിങ് ഒഡെസ ഷാനൻ മിഡിൽ സ്‌കൂളിൽ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായി. ജയന്തി ഘോഷയാത്രയോടെ കലാസാംസ്കാരിക പരിപാടികൾ ആരംഭിച്ചു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, തിരുവാതിര, ഫാഷൻ ഷോ എന്നിവ ആഘോഷത്തിന്റെ മാറ്റു കൂട്ടി.





ചടങ്ങിൽ സന്ദീപ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ഗുരുജയന്തി ദിനത്തിൽ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്ത “വന്ദനം മഹാഗുരോ” എന്ന ഗുരുദേവ കീർത്തനം രചിച്ച പ്രസാദ് നായരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ വർഷം വിവിധ വിദ്യാലയങ്ങളിൽ നിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്ക് ആവാർഡുകളും വിതരണം ചെയ്തു. ചടങ്ങിൽ കുട്ടികളെ ബാധിക്കുന്ന മസ്‌തിഷ്ക അപചയ ജനിതക രോഗങ്ങൾക്ക് ചികിൽസ കണ്ടെത്തുന്നതിൽ ഗവേഷണം നടത്തുന്ന ഡോ. അഭിലാഷ് അപ്പു, ഡോ. നിഷ പ്ലാവേലിൽ ദമ്പതിമാരെ പ്രത്യേകമായി ആദരിച്ചു. പ്രസിഡന്റ് പ്രേംജിത്ത് ശിവപ്രസാദ് സ്വാഗതപ്രസംഗവും, സെക്രട്ടറി നീതു ഫൽഗുനൻ നന്ദി പ്രകാശനവും നടത്തി. അനുപമ പ്രേംജിത്ത്, നിഷ അഭിലാഷ്, നൻമ ജയൻ എന്നിവർ പ്രോഗ്രാം എംസികൾ ആയിരുന്നു.














