
തിരുവനന്തപുരം : ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പാടത്തിനെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി നിര്‍മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്ത്. അടൂര്‍ സിനിമാ രംഗത്തെ വലിയ ആളാണെന്നും ആ സ്ത്രീ ആരായാലും പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേടാണെന്നും ശ്രീകുമാരന്‍ തമ്പി വിവാദ പ്രസ്താവന നടത്തി.
അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ രംഗത്തെ മികച്ച ആളാണെന്നും ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനുടമയാണെന്നും ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് അടൂരെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അടൂരിനെ പോലെ ഒരാള്‍ സംസാരിക്കുമ്പോള്‍ അഭിപ്രായം പറയുന്നത് അറിവില്ലായ്മയാണ് പ്രസംഗം കഴിഞ്ഞ് എതിര്‍പ്പ് ഉണ്ടെന്ന് പറയാം. അവര്‍ കാണിച്ചത് ചുമ്മാ ആളാകാനുള്ള വേലയാണ്. ഇപ്പോള്‍ എല്ലാവരും അറിഞ്ഞില്ലേ- ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.
പുഷ്പവതി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘പുഷ്പവതി സിനിമാ മേഖലയിലോ’ എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ചോദ്യം. സംഗീത, നാടക അക്കാദമിയുടെ അധ്യക്ഷയായിട്ട് കാര്യമില്ലെന്നും വിവാദത്തോട് പ്രതികരിച്ച ശ്രീകുമാരന്‍ തമ്പി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരിക്കല്‍ ഫോട്ടോ എടുക്കാനായി തന്റെ അടുത്തുവന്നതാണ് പുഷ്പവതിയെന്നും അല്ലാതെ അവരെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.