ഫോമാ കേരള കൺവെൻഷൻ 2026 ഒരുക്കങ്ങൾ പൂർത്തിയായി, ഉദ്ഘാടന സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പി മുഖ്യാതിഥി

അക്ഷരനഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ (FOMAA) കേരള കൺവെൻഷൻ 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 9-ന് കോട്ടയം വിൻഡ്‌സർ കാസിൽ ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ചലച്ചിത്ര-സാഹിത്യ മേഖലകളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം കൺവെൻഷനെ ധന്യമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. മൂവായിരത്തിലധികം ഗാനങ്ങളും നിരവധി സിനിമകളും സമ്മാനിച്ച ശ്രീകുമാരൻ തമ്പി അമേരിക്കൻ മലയാളികളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിത്വം കൂടിയാണ്.

കൺവെൻഷന്റെ ഭാഗമായി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 3-ന് ചങ്ങനാശേരി കുറിച്ചിയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പോടെ പരിപാടികൾക്ക് തുടക്കമാകും. ജനുവരി 5-ന് പിറവത്ത് വച്ച് 750 നിർധന വിധവകൾക്ക് വസ്ത്രവും ഭക്ഷണക്കിറ്റും ധനസഹായവും നൽകുന്ന ‘അമ്മയോടൊപ്പം’ പദ്ധതി നടപ്പിലാക്കും. ജനുവരി 9-ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഫോമയുടെ പ്രവാസി സൗഹൃദം വിളിച്ചോതുന്ന വിവിധ ചാരിറ്റി പ്രോഗ്രാമുകളും അരങ്ങേറും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമം പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറും.

സാംസ്‌കാരിക പരിപാടികൾക്ക് പുറമെ വിനോദത്തിനും ബിസിനസ് ആശയങ്ങൾക്കും കൺവെൻഷൻ വേദിയൊരുക്കുന്നുണ്ട്. ജനുവരി 10-ന് കുട്ടനാടൻ ഭക്ഷണവും കലാരൂപങ്ങളും കോർത്തിണക്കി വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കും. കൺവെൻഷന്റെ സമാപന ദിവസമായ ജനുവരി 11-ന് എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റ് നടക്കും. ഫോമയുടെ മുൻനിര ഭാരവാഹികളായ ബൈജു വർഗീസ്, സിജിൽ പാലക്കലോടി, ഷാലൂ പുന്നൂസ് തുടങ്ങിയവർ കൺവെൻഷന്റെ വിജയത്തിനായി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി വരികയാണ്. കേരള കൺവെൻഷൻ ചെയർമാനായി പീറ്റർ കുളങ്ങര പ്രവർത്തിക്കുന്നു.

More Stories from this section

family-dental
witywide