
കൊളംബോ: തന്റെ രാജ്യത്തിന്റെ വളര്‍ച്ചയിലും മുന്നേറ്റത്തിലും ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ടെന്ന് ശ്രീലങ്കന്‍ ആരോഗ്യ-മാസ് കമ്മ്യൂണിക്കേഷന്‍ മന്ത്രി നളിന്ദ ജയതിസ.
ശ്രീലങ്ക-ഇന്ത്യ പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് അസോസിയേഷ(SLIPFA)ന്റെ 24 അംഗ ഉന്നതതല പ്രതിനിധി സംഘം അടുത്തിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്തോഷ് ഝാ SLIPFA- യെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയാണ് മന്ത്രി ഇന്ത്യയെക്കുറിച്ചുള്ള അനുഭവം വിവരിച്ചത്. പ്രതിനിധി സംഘത്തെ നയിച്ച ജയതിസ, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും വാചാലനായി. വിരുന്നില്‍ ഇതില്‍ ശ്രീലങ്കന്‍ ഡെപ്യൂട്ടി മന്ത്രിമാരും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സംഘം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബിര്‍ള ആവശ്യപ്പെട്ടിരുന്നു. 2025 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്ക സന്ദര്‍ശനത്തെയും 2024 ഡിസംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഇന്ത്യാ സന്ദര്‍ശനത്തെയും ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലുകളായി ബിര്‍ള വിശേഷിപ്പിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഇന്ത്യ-ശ്രീലങ്ക പാര്‍ലമെന്ററി സൗഹൃദ അസോസിയേഷന്‍ സ്ഥാപിച്ചതിനെ സ്പീക്കര്‍ ബിര്‍ള സ്വാഗതം ചെയ്തു, ഇത് ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയുടെ തെളിവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ആദ്യം പ്രതികരിച്ചതിന് ഇന്ത്യയോട് ജയതിസ നന്ദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഇന്ത്യയുടെ സഹകരണം ശ്രീലങ്കയുടെ ജീവനാഡിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.












