
ചെന്നൈ : ആയിരം കോടി രൂപയുടെ ടാസ്മാക് അഴിമതിയില്‍ ഇഡിയുടെ നടപടി ഭയന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവെന്ന് തമിഴക വെട്രി കഴകം സ്ഥാപക നേതാവ് വിജയ് ആരോപിച്ചു. നീതി ആയോഗ് യോഗത്തിന്റെ മറവില്‍ ഡല്‍ഹിയിലെത്തിയാണ് സ്റ്റാലിന്‍ മോദിയെ കണ്ടതെന്നും വിജയ് പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ ആരോപണങ്ങളും ഭരണകക്ഷിയായ ഡിഎംകെ നിഷേധിച്ചിട്ടുണ്ട്.
ഡിഎംകെയുടെ ഉന്നത നേതാക്കളുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളില്‍ ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നുവെന്ന് ഡിഎംകെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെ അഴിമതിയില്‍ ഇഡി അന്വേഷണത്തിന് സ്റ്റേ നേടുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയ വിജയ്, കോടതി സ്റ്റേ താല്‍ക്കാലികമായതിനാല്‍ അന്വേഷണം നിര്‍ത്താനുള്ള വഴികള്‍ സ്റ്റാലിന്‍ നോക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് മോദിയെ കണ്ടതെന്നും ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം സ്റ്റാലിന്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തില്ലെന്നും ഇപ്പോള്‍ അതിനായി ഡല്‍ഹിയില്‍ പോയത് ഇഡി അന്വേഷണത്തിന് തടയിടാനാണെന്നും വിജയ് പറയുന്നു. നീതി ആയോഗ് യോഗത്തിന്റെ മറവില്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് കണ്ടു. ഇഡി നടപടി ‘കാലില്‍ ചുറ്റിയ പാമ്പ്’ പോലെയാണെന്നും കേന്ദ്ര ഏജന്‍സി 1,000 കോടി രൂപയുടെ അഴിമതിയില്‍ ആഴത്തില്‍ ഇറങ്ങിയാല്‍ കുടുംബാംഗങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന ഭയം സ്റ്റാലിനുണ്ടെന്നും വിജയ് ആരോപിച്ചു.