200 എംബിപിഎസ് വേഗതയിൽ സ്റ്റാർലിങ്ക് എത്തും, പക്ഷേ എല്ലാവർക്കും നൽകാനാകില്ല, 20 ലക്ഷം കണക്ഷനുകളെ അനുവദിക്കൂ എന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ 20 ലക്ഷം കണക്ഷനുകൾ മാത്രമേ നൽകാൻ അനുവദിക്കൂ എന്ന് കേന്ദ്ര ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. ബിഎസ്എൻഎല്ലിന്റെ അവലോകന യോഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ടെലികോം കമ്പനികൾക്ക്, പ്രത്യേകിച്ച് ബിഎസ്എൻഎല്ലിന്, ഭീഷണി ഉണ്ടാകുന്നത് ഒഴിവാക്കുക എന്നതാണ് ഈ നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“സ്റ്റാർലിങ്കിന് ഇന്ത്യയിൽ 20 ലക്ഷം ഉപഭോക്താക്കളെ മാത്രമേ നേടാൻ കഴിയൂ. അവർക്ക് 200 എംബിപിഎസ് വരെ വേഗത നൽകാം. ഇത് ടെലികോം സേവനങ്ങളെ ബാധിക്കില്ല,” മന്ത്രി പറഞ്ഞു. സാറ്റലൈറ്റ് സേവനങ്ങൾക്ക് ഇന്ത്യയിലുടനീളം കാര്യമായ കണക്റ്റിവിറ്റി നൽകാൻ കഴിയില്ലെന്നും, നിലവിലുള്ള ടെലികോം കമ്പനികൾക്ക് ഇത് ഭീഷണിയല്ലെന്നും, സ്റ്റാർലിങ്കിന്റെ വരവുമായി ബന്ധപ്പെട്ട മത്സരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലും വിദൂര മേഖലകളിലും ബിഎസ്എൻഎല്ലിന് ശക്തമായ സാന്നിധ്യമുള്ളതിനാൽ, സാറ്റ്കോം സേവനങ്ങൾ ഈ പ്രദേശങ്ങളെ ലക്ഷ്യമിടുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റാർലിങ്കിന്റെ നിലവിലുള്ള ശേഷി കണക്കിലെടുത്താണ് കണക്ഷനുകൾക്ക് പരിധി ഏർപ്പെടുത്തുന്നതെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാർലിങ്കിന് ഉയർന്ന നിരക്കാണെങ്കിലും, വിദൂര പ്രദേശങ്ങളിൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാൻ ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 4ജി സേവനങ്ങൾ ആരംഭിച്ചതിനുശേഷം 2025-ന്റെ ആദ്യ പാദത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide