സ്റ്റാർലിങ്കിന്റെ ബഹിരാകാശ ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നുവെന്ന് റിപ്പോർട്ട്

ഇലോൺ മസ്കിൻ്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന്റെ ബഹിരാകാശ ഉപഗ്രഹങ്ങൾ നിരന്തരമെന്നോണം ഭൂമിയിലേക്ക് പതിക്കുന്നുവെന്ന് റിപ്പോർട്ട്. ഇങ്ങനെ പതിക്കുന്ന പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിൽ കത്തിച്ചാമ്പലാകുമ്പോഴാണ് ഭൂമിയിൽ നിന്ന് തീഗോളം പോലെ കാണപ്പെടുന്നതെന്നും കാണാൻ ഭംഗിയുള്ളതാണെങ്കിലും ഇവ സംബന്ധിച്ച് ഗുരുതര ആശങ്കകൾ ഉന്നയിക്കുകയാണ് ഗവേഷകർ.

നിരന്തരമായി ഇവ ഭൗമാന്തരീക്ഷത്തിൽ കത്തിനശിക്കുന്നത് അന്തരീക്ഷത്തിൻ്റെ ആരോഗ്യത്തിന് ദീർഘകാല ആഘാതങ്ങളുണ്ടാക്കും. ഒപ്പം ബഹിരാകാശത്തെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഗവേഷകർ പറയുന്നു. ഉപഗ്രഹങ്ങൾ കത്തിത്തീരുമ്പോൾ, അവ അലുമിനിയം ഓക്സൈഡ് പോലുള്ള ലോഹങ്ങളുടെ സൂക്ഷ്‌മ കണികകൾ പുറത്തുവിടുന്നു, ഇത് ഓസോൺ രസതന്ത്രത്തെ ബാധിക്കുകയും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. പതിനായിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂടി ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ, അത് മസോസ്ഫിയറിൻ്റെ ഘടനയിൽ മാറ്റം വരുത്തുമെന്ന് ചില ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ദീർഘകാല പാരിസ്ഥിതിക അപകടസാധ്യതകൾ കുറയ്ക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളും മെച്ചപ്പെട്ട ഉപഗ്രഹ രൂപകൽപ്പനയും വേണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

അതേസമയം, സ്റ്റാർലിങ്കിന് ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഭൂമിയെ ചുറ്റുന്ന ലോ എർത്ത് ഓർബിറ്റിൽ നിലവിൽ 6000 ൽ ഏറെ ഉപഗ്രങ്ങളാണ് സ്റ്റാർലിങ്ക് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ഉപഗ്രഹ ശൃംഖലയാണിത്. ആഗോളതലത്തിൽ ഇന്റർനെറ്റ് കവറേജ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. നിരന്തരമായ വിക്ഷേപണങ്ങൾക്കൊപ്പം പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നുണ്ടെന്നും ഓരോ ദിവസവും കുറഞ്ഞത് നാല് ഉപഗ്രഹമെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുന്നുണ്ടെന്നും ഹാർവാർഡ്-സ്‌മിത്ത്സണിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡോവൽ പറയുന്നു.

More Stories from this section

family-dental
witywide