വാർഷിക കണക്കെടുപ്പ് എസ്ബിഐക്ക് പണിയായി! ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് സാങ്കേതിക തകരാർ

ഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പ് ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസപ്പെട്ടു. സാങ്കേതിക തകരാർ കാരണമാണ് എസ്ബിഐയുടെ ഇന്‍റർനെറ്റ് ബാങ്കിംഗ് മണിക്കൂറുകളോളം തടസപ്പെട്ടത്. എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടതായാണ് വിവരം. “സാങ്കേതിക പ്രശ്‌നങ്ങൾ” കാരണം ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം നേരിട്ടത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളെ ഈ തകരാറ് ബാധിച്ചു, ഇത് മൊബൈൽ ബാങ്കിംഗിലും ഫണ്ട് കൈമാറ്റത്തിലും തടസ്സങ്ങൾക്ക് കാരണമായി.

അതേസമയം വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു. എസ്‌ബി‌ഐ ഉപഭോക്താക്കൾ ഇത്തരം പ്രശ്‌നങ്ങൾ മാർച്ച് 11 നും നേരിട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് അന്ന് നാല് മണിക്കൂറിലധികം യുപിഐ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം ഇന്ന് തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യുപിഐ സേവനങ്ങളാണ് തടസപ്പെട്ടത്.

More Stories from this section

family-dental
witywide