
കൊല്ലം: മദ്യപാനികളെ സി പി എമ്മിൽ നിന്നും പുറത്താക്കുമെന്ന പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. എല്ലാവർക്കുമല്ല, പാർട്ടി അംഗങ്ങൾക്കാണ് വിലക്കെന്ന് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അനുഭാവികള്‍ക്കും പാർട്ടി ബന്ധുകൾക്കും മദ്യപിക്കാമെന്നും ഗോവിന്ദൻ വിവരിച്ചു. മദ്യപാനികളെ പുറത്താക്കുമെന്ന് നേരത്തേ ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണം.
മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കും. പ്രായപരിധി കഴിഞ്ഞവര്‍ മാത്രം പുറത്തുപോകും. 75 തികയാത്തവരുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.