
ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ വിധിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി പ്രവർത്തിക്കുന്ന അനസ് തന്‍വീർ, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കത്തയച്ചു. ബിജെപി എംപിയുടെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കത്തെഴുതിയത്.
വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായും തമിഴ്‌നാട് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെടുത്ത നിലപാടിലും വ്യാപക ആക്ഷേപ പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കളും ഭരണഘടനാപദവിയിലുള്ള ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരിൽ ചിലരും നടത്തിയത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രൂക്ഷ പരാമര്‍ശങ്ങളാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിയിക്കും എതിരെ നടത്തിയത്. വഖഫ് നിയമ ഭേദഗതിയിലെ സുപ്രീംകോടതി ഇടപെടല്‍, ബംഗാളിലെ കലാപം ഈ ചോദ്യങ്ങളോടുള്ള മറുപടിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ നിഷികാന്ത് ദുബെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. ബംഗാളിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര മതയുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന് തുറന്നടിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി നടപടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും മുന്‍നിര പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയതോടെ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഇത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ പരാമര്‍ശമാണെന്നും വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് താക്കീതും നല്‍കിയെങ്കിലും വിഷയത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് അനസ് തന്‍വീര്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതിയത്. ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം ഏറെ അപകീര്‍ത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് കത്തില്‍ അനസ് തന്‍വീര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനങ്ങളില്‍ കോടതിക്കെതിരേ എതിര്‍പ്പുണ്ടാക്കാനും സമൂഹത്തില്‍ അക്രമവും അശാന്തിയും സൃഷ്ടിക്കാനുമാണ് ബിജെപി എംപി ശ്രമിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതി ഇടപെട്ടതിന്റെ പശ്ചാത്തലത്തില്‍ ദുബെ വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകള്‍ നടത്തിയതായും ആരോപണമുണ്ടായിരുന്നു.