‘കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ പോകണം’; സ്റ്റീവ് ജോബ്സ് ബാല്യകാല സുഹൃത്തിനെഴുതിയ കത്ത് ലേലത്തിൽ വിറ്റത് 4.32 കോടി രൂപക്ക്

ന്യൂഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ മതാഘോഷമായ കുംഭമേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് ലേലത്തിൽ വിറ്റുപോയത് 4.32 കോടി രൂപക്കെന്ന് റിപ്പോർട്ട്. 1974ൽ സ്റ്റീവ് ജോബ്സിന്റെ 19-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് കത്ത് എഴുതിയത്. ഓക്ഷൻ ഹൗസായ ബോൺഹാംസാണ് 500,312 ഡോളറിന് (4.32 കോടി രൂപ) കത്ത് ലേലത്തിൽ വിറ്റത്.

ബാല്യകാല സുഹൃത്തായ ടിം ബ്രൗണിന് 50 വർഷം മുൻപ് എഴുതിയ കത്തിൽ സെൻ ബുദ്ധമതത്തെ കുറിച്ച് വിശദമായി പറയുകയും കുംഭമേളക്കായി ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് 2025 ലെ മഹാ കുംഭമേളക്കായി ഇന്ത്യയിലെത്തി. ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാനായിരുന്നു സ്റ്റീവ് ജോബ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ നൈനിറ്റാളിലെത്തിയപ്പോള്‍ നീം കരോളി ബാബ ഒരു വര്‍ഷം മുമ്പ് മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. തുടര്‍ന്ന് കൈഞ്ചി ധാമിലെ ആശ്രമത്തില്‍ ഏഴ് മാസത്തോളം സ്റ്റീവ് ജോബ്സ് ചെലവഴിച്ചു. സ്റ്റീവിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, മഹാ കുംഭമേളയിൽ പങ്കെടുത്താണ് സ്റ്റീവിന്റെ ആഗ്രഹം നിറവേറ്റുന്നത്. ലോറീൻ 40 അംഗ സംഘത്തോടൊപ്പമാണ് പ്രയാഗ്‌രാജിൽ എത്തിയത്.

Steve jobs Kumbh mela letter auctioned for 4.32 crore