ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ; നിയമസഭയിലെത്തിയതിലൂടെ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും എല്ലാ കാലവും ഞാൻ പാർട്ടിക്ക് വിധേയനാണെന്നും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ . നിർദേശം അവഗണിച്ച് നിയമസഭയിലെത്തിയതിലൂടെ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു. പുറത്തുവന്ന ഓഡിയോ തന്റേതാണോയെന്ന ചോദ്യത്തിന് മറുപടി പറയാതെ അന്വേഷണം നടക്കട്ടേയെന്നായിരുന്നു രാഹുലിൻ്റെ മറുപടി.

മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയാണ് എന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച രാഹുൽ ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും തന്നെ പ്രതികരിക്കാൻ തയ്യാറായില്ല.

”പാർട്ടിയെ ധിക്കരിച്ച് രാഹുൽ നിയമസഭയിലേക്ക് എന്നാണ് ഇന്ന് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും എന്നാൽ, പാർട്ടിയെ ധിക്കരിച്ചിട്ടില്ല. ഞാൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ. സസ്പെൻഷനിലുള്ള പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് ഞാൻ ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല. ചില മാധ്യമങ്ങൾ ഞാൻ മൗനത്തിലാണ് എന്ന് വാർത്ത നൽകി. എന്നാൽ ആരോപണം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാൻ വിശദമായി മാധ്യമങ്ങളെ കണ്ടതാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടേ” രാഹുൽ പറഞ്ഞു.

പാലക്കാട് വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ താരമായാണ് കഴിഞ്ഞ സമ്മേളനത്തിൽ രാഹുൽ നിയമസഭയിൽ എത്തിയത്. എന്നാൽ ലൈംഗിക ആരോപണ വിവാദങ്ങളിൽപ്പെട്ട് പ്രതിഛായ നഷ്ടപ്പെട്ടാണ് ഇക്കുറി സഭയിലേക്ക് രാഹുൽ എത്തിയത്. രാഹുലിനോട് സംസാരിക്കാൻ കോൺഗ്രസ് അംഗങ്ങൾ തയ്യാറായില്ല. എന്നാൽ കുശലാന്വേഷണവുമായി ലീഗ് അംഗങ്ങളായ നജീബ് കാന്തപുരം എ.കെ.എം അഷ്റഫും. യു.എ ലത്തീഫും ടി.വി ഇബ്രാഹിമും രാഹുലിന് അടുത്ത് എത്തി.