
ലഡാക്കിൽ നടന്ന സംഘർഷങ്ങളിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിജെപിയും ആർഎസ്എസും ലഡാക്കിന്റെ ജനതയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “കൊലപാതകവും അക്രമവും ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണം; ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം,” രാഹുൽ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. ലേയിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ സംഘർഷം രൂക്ഷമായിരുന്നു. പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജോധ്പൂർ ജയിലിൽ അടച്ചു. യുവാക്കളെ പ്രകോപിപ്പിച്ചുവെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ആരോപിച്ചാണ് പൊലീസ് നടപടി. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള രാഹുൽ, ലഡാക്കിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്നും ആവശ്യപ്പെട്ടു.