
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ (27) അതിക്രൂരമായി മര്‍ദ്ദിച്ച എസ്ഐ അടക്കം 4 പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വന്നേക്കും. സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. മര്‍ദിച്ചവരെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിയേക്കും. തുടര്‍നടപടിക്കു നിയമസാധുത പരിശോധിക്കാന്‍ ഉത്തരമേഖലാ ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം രൂക്ഷമായത്. 2023 ഏപ്രില്‍ 5-ന് നടന്ന സംഭവത്തില്‍, ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ സുജിത്തിനെ എസ്‌ഐ നുഹ്‌മാനും സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും ചേര്‍ന്നാണ് മര്‍ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച് ഉപദ്രവിച്ചത്. മര്‍ദനത്തില്‍ സുജിത്തിന്റെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മറച്ചുവെച്ചെങ്കിലും, വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായത്.
സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയെങ്കിലും ആദ്യം നടപടിയുണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്രമസമാധാന ചുമതലയില്‍ തുടര്‍ന്നു. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
മര്‍ദനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡിജിപി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരിക്കുന്നത്. സുജിത്തിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയെന്ന ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടിക്കുള്ള നീക്കം നടക്കുന്നത്. ഇന്‍ക്രിമെന്റ് തടയല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു തവണ നടപടി എടുത്ത സംഭവത്തില്‍ വീണ്ടും നടപടി എടുക്കാന്‍ കഴിയില്ലെന്നുമുള്ള ന്യായമാണ് പൊലീസ് ഉയര്‍ത്തുന്നത്.