
മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കർശന നടപടിയെടുത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇവിടുത്തെ ദേശീയ പാത നിർമ്മിച്ച കരാർ കമ്പനിയായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു. ദേശീയപാത തകര്‍ച്ചയില്‍ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെയും ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തു. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. അപകടത്തില്‍ സര്‍വിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.