അമേരിക്കയിൽ പരീക്ഷണശാലയിലെ ബയോ-റിയാക്ടറുകളിൽ കോശങ്ങൾ വിഭജിച്ച് നിർമ്മിക്കുന്ന കൃത്രിമ മാംസത്തിന് കടുത്ത വിലക്ക്. ഫ്ലോറിഡ, അലബാമ ടെക്സസ് ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളാണ് കോശങ്ങൾ വിഭജിച്ച് നിർമ്മിക്കുന്ന ഈ ലാബ് മാംസത്തിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചത്. അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ശക്തമായ പിന്തുണ ഈ നിരോധനത്തിനുണ്ട്.
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾക്കെതിരെ ‘അമേരിക്കയെ വീണ്ടും ആരോഗ്യപൂർണ്ണമാക്കുക’ എന്ന ലക്ഷ്യത്തോടെ അദ്ദേഹം നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം. ലാബ് മാംസം എന്നത് കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് വേണ്ടിയുള്ള വെറും പരീക്ഷണമാണെന്നും ഇത് പ്രകൃതിവിരുദ്ധമാണെന്നും റോബർട്ട് എഫ്. കെന്നഡി പറയുന്നു.
മൃഗങ്ങളെ കൊല്ലുന്നതിന് പകരം, അവയുടെ ശരീരത്തിൽ നിന്ന് എടുത്ത കോശങ്ങൾ രാസവസ്തുക്കളുടെയും പോഷകദ്രാവകങ്ങളുടെയും സഹായത്തോടെ ലാബുകളിൽ വളർത്തിയെടുക്കുന്ന രീതിയാണിത്. കാഴ്ചയിലും രുചിയിലും ഇത് സാധാരണ ഇറച്ചിക്ക് സമാനമായിരിക്കും. നിലവിൽ അമേരിക്കയിലെ സാധാരണ കടകളിൽ ലാബ് മാംസം വിൽക്കാൻ അനുമതിയില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ഇത് വാങ്ങാൻ സാധിക്കില്ല.
2023-ൽ ചില പ്രമുഖ റെസ്റ്റോറന്റുകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ ഇത് വിളമ്പിയിരുന്നെങ്കിലും ഉയർന്ന വിലയും ഉത്പാദനത്തിലെ ബുദ്ധിമുട്ടും കാരണം വിപണിയിൽ ഇത് പരാജയപ്പെട്ടു. അതേസമയം, മനുഷ്യരിൽ ലാബ് മാംസത്തിന്റെ ഉപയോഗത്തിൻ്റെ ഫലമായി ഉണ്ടാകുന്ന ദീർഘകാല ഫലങ്ങളെക്കുറിച്ച് ശാസ്ത്രലോകത്ത് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
Strict ban on artificial meat in America; Production and distribution banned in seven states












