
ഫീനിക്‌സ് : യുഎസിലെ അരിസോണയിലെ ഫീനിക്‌സില്‍ ശക്തമായി വീശിയടിച്ച പൊടിക്കാറ്റില്‍ വലഞ്ഞ് ജനം. ഫീനിക്‌സ് നഗരത്തില്‍ ദൃശ്യപരത ഏതാണ്ട് പൂജ്യത്തിലേക്കാണ് എത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് പതിനായിരക്കണക്കിന് ആളുകളെ വലച്ചു. നിലവില്‍ ഫീനിക്‌സില്‍ ഏകദേശം 57,000 ഉപഭോക്താക്കള്‍ വൈദ്യുതിയില്ലാതെ തുടരുന്നു.
മാത്രമല്ല, ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും നിരവധി വിമാനങ്ങളെ ബാധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശിയ കാറ്റിനെത്തുടര്‍ന്ന് ഒരു കണക്റ്റര്‍ പാലം തകര്‍ന്നിട്ടുണ്ട്.
ഹബൂബ് എന്നറിയപ്പെടുന്ന പൊടിക്കാറ്റ് മരുഭൂമി പ്രദേശങ്ങളില്‍ നിന്നാണ് എത്തിയത്. അറബിയില്‍ ഹബൂബ് എന്നാല്‍ ഭീമന്‍ പൊടിക്കാറ്റ് എന്നാണ്. മാരിക്കോപ്പ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പവര്‍ഔട്ടേജ്.യുഎസിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
നാഷണല്‍ വെതര്‍ സര്‍വീസ് ഫീനിക്‌സില്‍ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടകരമാംവിധം കാഴ്ച മറയ്ക്കുന്ന പൊടിക്കാറ്റായിരിക്കുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതീവ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അരിസോണ സംസ്ഥാനത്തുടനീളം, 60,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ട്.
ഒരു കാരണവശാലും ഒരു പൊടിക്കാറ്റിലേക്ക് വാഹനമോടിക്കരുതെന്ന പ്രത്യേക ജാഗ്രതാ നിര്‍ദേശമാണ് അരിസോണ ഗതാഗത വകുപ്പ് എക്‌സിലൂടെ ഉള്‍പ്പെടെ നല്‍കിയ മുന്നറിയിപ്പിലുള്ളത്.