
ബീജിങ്: ചൈനയിലെ ഗാൻസുവിൽ ശക്തമായ ഭൂചലനം . ശനിയാഴ്ച രാവിലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഡിങ്‌സിയിലെ ലോങ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ ചൈനയുടെ ചില ഭാഗങ്ങളെ പിടിച്ചുകുലുക്കി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്റർ (സിഇഎൻസി) റിപ്പോർട്ട് ചെയ്തു.
ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 34.91 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 104.58 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് സ്ഥിതി ചെയ്തിരുന്നത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിഇഎൻസി സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് ചൈന ലെവൽ -3 അടിയന്തര പ്രതികരണം ആരംഭിക്കുകയും ബാധിത പ്രദേശങ്ങളിലേക്ക് സേനയെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഷാങ്‌സിയാൻ, വെയ്‌യുവാൻ, ഡിംഗ്‌സിയിലെ ലിന്റാവോ, ടിയാൻഷുയിയിലെ വുഷാൻ തുടങ്ങിയ അയൽ കൗണ്ടികളിലും ഭൂചലനം അനുഭവപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ, 42 തുടർചലനങ്ങൾ രേഖപ്പെടുത്തി, ഇതിൽ 4.0- 4.9 വരെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർചലനങ്ങളും ഉൾപ്പെടുന്നു