വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

കൊല്ലം: കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും സന്ദർശിച്ചു. സംഭവത്തിൽ മൂന്ന് തലത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും കാത്തിരിക്കുകയാണ്. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സംഭവത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ പങ്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അകാലത്തിൽ പൊലിഞ്ഞ മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്നും മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യ വിദ്യാഭ്യാസവും നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി മന്ത്രി വിശദീകരണം തേടി.

അതേസമയം, ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിലാണ് നടക്കുക. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

More Stories from this section

family-dental
witywide